Thursday, April 26, 2018

മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരിയുടെ വിഖ്യാതമായ നാരായണീയത്തിലെ 2-)മത് ദശകം (സൂര്യസ്പര്‍ദ്ധികിരീടം എന്ന് തുടങ്ങുന്നത്) മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ നടത്തിയ ഒരു എളിയ ശ്രമത്തിന്റെ ഫലം.
ശ്രീ ഭട്ടതിരി മൂലശ്ലോകങ്ങളില്‍ ഉപയോഗിച്ച അതേ വൃത്തം ആണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്
പദാനുപദ തര്‍ജ്ജമ യല്ല, പക്ഷെ ആശയം ഏറെക്കുറെ സമാനമാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.
തെറ്റുകള്‍ കാണുന്ന പക്ഷം തിരുത്തിത്തരാന്‍ സഹായിക്കുക. വിലയേറിയ അഭിപ്രായങ്ങള്‍ പറയുക. നന്ദി, നമസ്കാരം
സൂര്യന്‍ തന്നുടെ ശോഭയും കുറയുമാ പൊന്നിന്‍ കിരീടം ശിരേ
ഫാലം തന്നിലെ ഗോപിയും, കനിവെഴും നേത്രങ്ങളും, നാസികാ
മന്ദസ്മേരമുഖാംബുജം, കവിളുകള്‍ മിന്നുന്ന പൊന്‍ കുണ്ഡലം
കണ്ഠത്തില്‍ വരകൌസ്തുഭം, തിരുവുടല്‍ ശ്രീവത്സവും കൂപ്പുവേന്‍
കേയൂരാംഗദകങ്കണം, വളകളും രത്നാംഗുലീയങ്ങളും
മിന്നും നാലുകരങ്ങളില്‍ കുസുമവും ശംഖാദി ചക്രം, ഗദാ
മഞ്ഞപ്പട്ടുമുടുത്തുഭംഗിയിലതാ പൊന്നിന്നരഞ്ഞാണവും
തൃപ്പാദങ്ങളിലായ് സദാ ശരണമായ്‌ പ്രാപിച്ചിടുന്നേനിതാ
ത്രൈലോക്യങ്ങളിലേറ്റവും മധുരവും തോല്‍ക്കുന്നതാം മാധുരി
സൌന്ദര്യങ്ങളെയൊക്കെയും പുറകിലായ് ത്തള്ളുന്ന സൗന്ദര്യവും
പൂജിച്ചീടുവതിന്നൊരുക്കിയതിനേ ക്കാള്‍ പൂജ്യമാകുന്നൊരെന്‍
പൂജാവിഗ്രഹമൊന്നു കണ്ടു കുതുകം കൂടുന്നതും ഭാഗ്യമേ
ലക്ഷ്മീദേവി നിരന്തരം തവവപു സ്സിങ്കല്‍ ലയിച്ചുള്ളതാല്‍
നിന്‍ ഭക്തര്‍ക്കൊരു നീണ്ടകാലമവളും നല്‍കുന്നതേയില്ല പോല്‍
നിന്നില്‍ പ്രേമവുമായി വാണിടുമൊരീ യൈശ്വര്യസന്ദായിനി-
ക്കെന്നും ചഞ്ചലയെന്ന പേരുപറയും, കഷ്ടം പ്രഭോ ! കഷ്ടമേ
ലക്ഷ്മീകാന്ത, മഹാപ്രഭോ രമയിതാ നിന്നില്‍സ്സദാ പ്രേമമായ്
ഭക്തന്മാരിലനേകകാലമൊരുപോല്‍ വാഴില്ലയെന്നാകിലും
നിന്നില്‍ധ്യാനവുമായി നിന്റെ കഥകള്‍ പാടിപ്പുകഴ്ത്തുന്നവര്‍-
ക്കുള്ളില്‍ സുസ്ഥിരവാസമായിയനിശം ശ്രദ്ധാലുവായ് കേള്‍ക്കുവാന്‍
ഇത്ഥം ഭാഗ്യസുധാരസം ചൊരിയുമാ ചിദ്‌ബ്രഹ്മരൂപം സദാ
തന്നത്താനറിയാതെ കേട്ടവരിലി ന്നാനന്ദമേറ്റീടവേ
ദേഹം തന്നിലവാച്യമായ കുതുകം രോമാഞ്ചമായ് മാറവേ
മോദം തിങ്ങിയ കണ്ണുകള്‍ക്കിടയിലൂ ടാനന്ദബാഷ്പാഞ്ജലി
ദേവാ നിന്‍ തിരുരൂപഭംഗി മനനം ചെയ്യുന്നതില്‍ ലഭ്യമാ-
മാനന്ദം തവഭക്തിമാര്‍ഗ്ഗമതുലം ചൊല്ലുന്നു യോഗീവലര്‍
ശ്രീദേവീധവ, നിന്‍സ്വരൂപമരുളും യോഗം തഥാ ഭക്തിയും
കൈവന്നീടുമെളുപ്പമായിയിനി നിന്‍ ഭക്തര്‍ക്കുമെക്കാലവും
നിത്യം ചെയ്തുവരുന്നതായ പലതാം സല്‍ക്കര്‍മ്മയോഗം സ്വയം
നല്‍കും സദ്‌ഫലമേറെ നീണ്ട സമയം തീരുമ്പൊഴെന്നോര്‍ക്കണം
തത്ത്വം, ജ്ഞാനമതും മനസ്സിലുദയം ചെയ്യുന്നതും വൈകവേ
ദേവാ നിന്‍ പദഭക്തി നല്‍കുമധുനാ ശ്രേയസ്കരം ജീവിതം
ഏറെക്കാലമസംഖ്യകര്‍മ്മമഖിലം ചെയ്യും ചിലര്‍ നിത്യവും
ജ്ഞാനം ഭക്തി കലര്‍ന്ന യോഗമറിയും യോഗ്യര്‍ ! ശ്രമം നിഷ്ഫലം
വേറേകൂട്ടരുമുണ്ടിതേ ധരണിയില്‍ തര്‍ക്കിച്ചുജീവിപ്പവര്‍
സര്‍വ്വം ബ്രഹ്മമതെന്നു ചൊല്ലി പലതാം ജന്മങ്ങളും താണ്ടുവോര്‍
ദേവാ നിന്‍ കഥ പാടുവാനുമനിശം കേട്ടീടുവാനും സദാ
നിത്യം ഭക്തിരസാനുഭൂതിയിലഹോ നിര്‍മ്മഗ്നനാകുമ്പൊഴാ
ബ്രഹ്മജ്ഞാനമുദിച്ചു മുക്തിയടയാന്‍ മാര്‍ഗ്ഗം തുറന്നീടവേ
ത്വല്‍പ്പാദത്തിലനന്യഭക്തിയരുളൂ വാതാലയാധീശ്വരാ
(ശാര്‍ദ്ദൂലവിക്രീഡിതം)

Wednesday, January 31, 2018

നിന്‍ പദാംബുജയുഗങ്ങളില്‍ പ്രതിദിനം നമിക്കുവതിനായ് വരാന്‍
ശ്രീപതേ വരമെനിക്കു നീയരുളണേ, മുകുന്ദ, മുരളീധരാ
താപസഞ്ചയശതങ്ങളില്‍ വലയുമെന്‍റെ ജീവിതപഥങ്ങളില്‍
പാപമുക്തിയുമൊരുക്കി നീ കനിയണേ സദാ മുരരിപോ ! ഹരീ !

(കുസുമമഞ്ജരി)

Tuesday, June 13, 2017



എല്ലാക്കാലത്തുമെന്നും ഗണപതിഭഗവാന്‍ കാത്തിടുന്നോരെനിക്കി-
ന്നെല്ലാ സൌഖ്യങ്ങളും നീ സദയമരുളിടാന്‍ പ്രാര്‍ത്ഥനാബദ്ധനായ് ഞാന്‍
ചൊല്ലാം നിന്‍ നാമമന്ത്രം, സവിനയമനിശം, പാദതാരില്‍ നമിക്കാ-
മല്ലല്‍ തീരാനെനിക്കി ന്നൊരുവരമുടനേ നല്‍കണേ വിഘ്നരാജാ
(സ്രഗ്ദ്ധര)
വ്രജകുലലലനാമണിമാര്‍ക്കെല്ലാം കനവില്‍ പ്രിയമുരളികയുണരും
പ്രിയതരയമുനാനദിപോലും നിന്‍ മുരളീരവലയസുഖമറിയും 
മമഹൃദയതലത്തിലുമെന്നും കാവ്യസുധാരസമിനി ഹരിപദവും
കരുണയിലലിയാനൊരു ഭാഗ്യം നീ തരണേയിനി കനിയുകയിവനില്‍
(മധുകരകളഭം)

കവികുലപതികള്‍ക്കൊരു നോട്ടീസായിനിയീ ചെറുകവനവുമെഴുതാം 
ഇനിമുതലെഴുതൂ പുതുവൃത്തത്തില്‍ മധുരം മധുകരകളഭമിതാ
സരസ സഹൃദയര്‍ മമ തോഴര്‍ക്കായിനി യീയൊരുവരിയധികമിതാ
നനഭമസനനത്തൊടുസം ചേര്ന്നാ ലുളവാമിഹ മധുകരകളഭം
(മധുകരകളഭം)
കെട്ടിപ്പിടിച്ചു നിലവിട്ടു കരഞ്ഞുനോക്കീ !
പൊട്ടിക്കരഞ്ഞു ചുടുബാഷ്പമൊഴുക്കി നോക്കീ !
മുട്ടാത്തവാതിലുകളില്‍ പ്പുനരെത്ര മുട്ടീ !
കിട്ടാത്ത മുന്തിരിയിതാകെ പുളിക്കുമത്രേ !
(വസന്തതിലകം)
ചൊല്ലാമെപ്പോഴുമെന്നും (പലതുമതുമിതും) സ്വന്തമാം ജല്‍പ്പനങ്ങള്‍
തോന്നുന്നുള്ളിന്‍റെയുള്ളില്‍ മധുരസുഖകരം ഭ്രാന്തമോഹങ്ങളെന്നും
ചെയ്യാനാവില്ലയൊന്നും വിഷമമിനിമുതല്‍ വേണ്ടെനിക്കെന്നു ചൊല്‍വേന്‍
കേള്‍ക്കൂ മേലാലെനിക്കെന്‍ "തലയിലിതുവിധം താങ്ങിടാഭാരമൊന്നും"

(സ്രദ്ധര) ഒരു സമസ്യാപൂരണം

മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരിയുടെ വിഖ്യാതമായ നാരായണീയത്തിലെ 2-)മത് ദശകം (സൂര്യസ്പര്‍ദ്ധികിരീടം എന്ന് തുടങ്ങുന്നത്) മലയാളത്തിലേക്ക് തര്‍ജ...